കണ്ണൂർ: അക്കാദമിക് രംഗത്ത് 30-ാം വർഷത്തിലേക്ക് പ്രയാണം തുടരുന്ന കണ്ണൂർ സർവകലാശാലയിലെ താവക്കര ഉൾപ്പെടെയുള്ള കാന്പസുകൾ കേന്ദ്രീകരിച്ച് ഗവേഷണത്തിനും തൊഴിൽ അധിഷ്ഠിത വിദ്യാഭ്യാസത്തിനും ഊന്നൽ നല്കിയുള്ള വിദ്യാഭ്യാസ നയത്തിന് തുടക്കമിട്ടു. 1996-ൽ സ്ഥാപിതമായ കണ്ണൂർ സർവകലാശാല കേരളത്തിലെ വിദ്യാഭ്യാസ മേഖലയിൽ പ്രത്യേകിച്ച് വടക്കൻ മലബാർ മേഖലയിൽ നിർണായക പങ്ക് വഹിക്കുന്ന ഒന്നാണ്. കണ്ണൂർ, കാസർഗോഡ്, വയനാട് ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന വിവിധ കാമ്പസുകളുള്ള ഒരു ബഹു കാമ്പസ് സർവകലാശാലയാണിത്.
കാന്പസുകളിൽ മികച്ച പശ്ചാത്തല സൗകര്യം ഒരുക്കിയുള്ള വൻകിട പദ്ധതികളും തകൃതിയായി നടക്കുന്നുണ്ട്. നിലവിൽ, യൂണിവേഴ്സിറ്റിയുടെ കാന്പസുകളിൽ 3500 വിദ്യാർഥികളാണ് പഠിക്കുന്നത്. 2030 ഓടെ പതിനായിരത്തോളം വിദ്യാർഥികൾക്ക് കാന്പസിൽ പഠിക്കാനുള്ള സൗകര്യം ഏർപ്പെടുത്താനുള്ള തയാറെടുപ്പിലാണ് സർവകലശാല. കണ്ണൂർ സർവകലാശാലയുടെ വിവിധ കാന്പസുകളിലായി 28 പഠനവകുപ്പുകളും ആറ് സെന്ററുകളും പ്രവർത്തിക്കുന്നുണ്ട്.
ഈ ഡിപ്പാർട്ട്മെന്റുകളിലും സെന്ററുകളിലുമായി വിദ്യാർഥികൾക്ക് ബിരുദവും ബിരുദാനന്തര ബിരുദവും ഗവേഷണവും ചെയ്യാനുള്ള സൗകര്യങ്ങളുമുണ്ട്. കൂടാതെ, കണ്ണൂർ സർവകലാശാലയ്ക്ക് കീഴിൽ 100 കോളജുകളാണുള്ളത്. ഇതിൽ 27 എണ്ണം എയ്ഡഡും 73 എണ്ണം അൺഎയ്ഡഡുമാണ്.
അന്താരാഷ്ട്ര നിലവാരത്തിലേക്ക്
കാന്പസുകളിൽ ഡിജിറ്റൽ പഠന സൗകര്യങ്ങൾ ഏർപ്പെടുത്തിയതിനൊപ്പം എല്ലാ വകുപ്പുകളിലും ഐസിടി അധിഷ്ഠിത ക്ലാസ് മുറികളും പ്രൊജക്ടറുകളും സ്മാർട്ട് സ്ക്രീനുകളും സജ്ജീകരിച്ചിട്ടുണ്ട്. താവക്കര ആസ്ഥാനമായുള്ള ഹെർമൻ ഗുണ്ടർട്ട് സെൻട്രൽ ലൈബ്രറിയിൽ ഒരു ലക്ഷത്തിലധികം പുസ്തകങ്ങളും ഇ-ജേണലുകളും ഡിജിറ്റൽ ഡാറ്റാബേസുകളുമുണ്ട്.
ഇത് പൂർണമായും ഓട്ടോമേറ്റഡ് ലൈബ്രറിയാണ്. സയൻസ്, ടെക്നോളജി വിഷയങ്ങൾക്കായി ആധുനിക ഉപകരണങ്ങളോട് കൂടിയ ലാബുകൾ പ്രവർത്തിക്കുന്നു. ബയോസയൻസ്, ബിഹേവിയറൽ സയൻസ് തുടങ്ങിയ മേഖലകളിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള റിസർച്ച് സെന്ററുകളുണ്ട്.
എ ഗ്രേഡിലേക്ക് കുതിക്കാൻ
ദേശീയ വിദ്യാഭ്യാസ നയം (NEP 2020) വിഭാവനം ചെയ്യുന്നത് സർവകലാശാലകളെ വിവിധ വിഷയങ്ങൾ പഠിപ്പിക്കുകയും ഗവേഷണത്തിന് മുൻഗണന നൽകുകയും ചെയ്യുന്ന മികച്ച കേന്ദ്രങ്ങളായി ഉയർത്തുക എന്നതാണ്. ഈ പദ്ധതിപ്രകാരം തെരഞ്ഞെടുക്കപ്പെട്ട കണ്ണൂർ സർവകലാശാലയ്ക്ക് 100 കോടി രൂപ ഗ്രാന്റായി അനുവദിച്ചിട്ടുണ്ട്. ഇതുപ്രകാരം പുതിയ ലാബുകളും റിസർച്ച് സെന്ററുകളും കാന്പസുകളിൽ സ്ഥാപിക്കാനുള്ള നടപടികൾ ആരംഭിച്ചുകഴിഞ്ഞു. കാന്പസുകളിൽ ആധുനികവത്ക്കരണവും അടിസ്ഥാന സൗകര്യ വികസനവും നടപ്പിലാക്കി വരികയാണ്. നൈപുണ്യ വികസനത്തിന് പ്രാധാന്യമുള്ള കോഴ്സുകൾ തുടങ്ങിയിട്ടുണ്ട്.
കണ്ണൂർ യൂണിവേഴ്സിറ്റിയുടെ താവക്കര കാന്പസിൽ പി.എം. ഉഷ, കിഫ്ബി, സംസ്ഥാന സർക്കാർ പദ്ധതികൾ ഉൾപ്പെടെ 200 കോടി രൂപയുടെ പശ്ചാത്തല സൗകര്യങ്ങൾ ഒരുക്കിവരുന്നു. ലേഡീസ് ഹോസ്റ്റൽ, സ്മാർട്ട് ക്ലാസ് റൂം, സ്റ്റാർട്ട് അപ്പുകൾ, കായിക മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ എന്നിവയാണ് ഒരുങ്ങുന്നത്. ഗവേഷണത്തിനും പശ്ചാത്തല സൗകര്യം ഒരുക്കുന്നതിനും 100 കോടി രൂപ പിഎം ഉഷ പദ്ധതിയിൽ അനുവദിച്ചിട്ടുണ്ട്. PAIR പദ്ധതിയിൽ 12 കോടി രൂപ ഗവേഷണത്തിന് അനുവദിച്ചിട്ടുണ്ട്. BIRAC 2.5 കോടി രൂപ അനുവദിച്ചു.
വിദേശസർവകലാശാലകളുമായുള്ള സഹകരണത്തിന് സർവകലാശാലയുടെ റാങ്കിംഗാണ് പ്രശ്നം. നിലവിൽ ബി ഗ്രേഡാണുള്ളത്. അത് എ ഗ്രേഡായി ഉയർത്താനുള്ള തയാറെടുപ്പിലാണ്. റിസേർച്ചിനുള്ള ലാബ് അടക്കമുള്ള അടിസ്ഥാന സൗകര്യത്തിന് മേരു പദ്ധതി വഴി 100 കോടി രൂപ അനുവദിച്ചിട്ടുണ്ട്. നിലവിൽ, 650 റിസർച്ച് സ്കോളേഴ്സ് സർവകലാശാലയിലുണ്ട്. കോളജിൽ റിസർച്ച് ചെയ്യുന്നവർക്ക് മാസം 10000 രൂപയും സർവകലാശാലയിൽ റിസർച്ച് ചെയ്യുന്നവർക്ക് മാസം 20000 രൂപയും കണ്ണൂർ യൂണിവേഴ്സിറ്റി നല്കി വരുന്നുണ്ട്. ഇത്തരത്തിൽ സ്കോളർഷിപ്പ് നല്കുന്ന ഏക സർവകലാശാലയും കണ്ണൂരാണ്. താവക്കര കാന്പസിൽ വലിയൊരു റിസർച്ച് സെന്റർ കൊണ്ടുവരാനുള്ള പദ്ധതി ആവിഷ്കരിക്കുന്നുണ്ട്. സംസ്ഥാന സർക്കാരിന്റെ സഹായരത്തോടെ കിഫ്ബി വഴിയാണ് പദ്ധതി നടപ്പിലാക്കുന്നത്.
നാല് വർഷ ബിരുദ പ്രോഗ്രാം (FYUGP)
കേരളത്തിലെ മറ്റ് സർവകലാശാലകളെപ്പോലെ കണ്ണൂർ സർവകലാശാലയും കാന്പസുകളിൽ നാല് വർഷ ബിരുദ കോഴ്സുകൾ ആരംഭിച്ചിട്ടുണ്ട്. ഇത് വിദ്യാർഥികൾക്ക് ഗവേഷണത്തിനും തൊഴിൽ നൈപുണ്യത്തിനും കൂടുതൽ മുൻഗണന നൽകുന്ന രീതിയിലാണ് രൂപകല്പന ചെയ്തിരിക്കുന്നത്. കുട്ടികൾ എളുപ്പത്തിൽ പഠിച്ച് ജോലി നേടുകയെന്നതാണ് നാലുവർഷം ഡിഗ്രി കോഴ്സു കൊണ്ട് ഉദേശിക്കുന്നത്. ജോലി, റിസേർച്ച്, സംരംഭകത്വംഎന്നീ മൂന്നു കാര്യങ്ങൾക്കാണ് കോഴ്സിൽ പ്രാധാന്യം നല്കുന്നത്.
പഞ്ചവത്സര ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകൾ
കണ്ണൂർ സർവകലാശാലയുടെ വിവിധ ഡിപ്പാർട്ട്മെന്റുകളിൽ 2024 അധ്യയന വർഷം മുതൽ ഫൈവ് ഇയർ ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്സ് പ്രോഗ്രാമുകൾ (FYIMP) ആരംഭിച്ചിട്ടുണ്ട്. പ്ലസ് ടു കഴിഞ്ഞ വിദ്യാർഥികൾക്ക് നേരിട്ട് ബിരുദാനന്തര ബിരുദത്തിലേക്ക് പ്രവേശനം നേടാൻ കഴിയുന്ന രീതിയിലാണ് ഈ കോഴ്സുകൾ രൂപകല്പന ചെയ്തിരിക്കുന്നത്. ഇന്റഗ്രേറ്റഡ് കോഴ്സുകളുടെ പ്രത്യേകതയെന്നാൽ വിദ്യാർഥികൾക്ക് മൂന്നാം വർഷത്തിലോ നാലാം വർഷത്തിലോ കോഴ്സ് നിർത്തി പോകാൻ സാധിക്കും എന്നതാണ്. മൂന്നുവർഷം പൂർത്തിയാക്കിയാൽ ബിരുദം ലഭിക്കും. നാലുവർഷം പൂർത്തിയാക്കിയാൽ ബിരുദം ഓണേഴ്സ് വിത്ത് റിസർച്ച് ലഭിക്കും. അഞ്ചു വർഷം പൂർത്തിയാക്കുമ്പോഴാണ് മാസ്റ്റേഴ്സ് ബിരുദം ലഭിക്കുന്നത്.
സ്കൂൾ ഓഫ് ലൈഫ് ലോംഗ് ലേണിംഗ്
കോളജിൽ പോകാൻ പറ്റാതെ പഠിക്കാൻ താത്പര്യം ഉള്ളവർക്ക് രജിസ്റ്റർ ചെയ്ത് പഠിക്കാനുള്ള സൗകര്യവും സർവകലാശാലയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇങ്ങനെ താവക്കര കാന്പസിൽ 700 പേർ നിലവിൽ പഠിക്കുന്നുണ്ട്. ഏത് കോഴ്സുകൾ വേണമെങ്കിലും പഠിക്കാൻ സാധിക്കും. പ്രായഭേദമന്യേ പഠിക്കാം. അസാപിന്റെ ആറുമാസത്തെ കോഴ്സുകളും ഉണ്ട്. പഠിച്ചിറങ്ങിയാൽ അന്നേരം തന്നെ ജോലി ലഭിക്കും.
കണ്ണൂരിന് നൈറ്റ് ലൈഫ്
താവക്കര കാന്പസ് ഒരു വ്യവസായ സൗഹൃദമാക്കാനുള്ള നടപടികൾ നടന്നുവരികയാണ്. വിദ്യാർഥികൾക്ക് അവർ പഠിക്കുന്ന കോഴ്സുകൾക്ക് ഒപ്പമുള്ള പരിശീലനം ഈ വ്യവസായ സ്ഥാപനങ്ങളിലൂടെ ലഭിക്കുന്നു. പഠിച്ചു കഴിയുന്പോൾ തൊഴിൽ പെട്ടെന്ന് നേടാനും സഹായിക്കുന്നു. കാന്പസിനുള്ളിൽ വിദ്യാർഥികൾക്ക് പഠനവും താമസവും ഒരുക്കും. പൊതുജനങ്ങൾക്കും കാന്പസിനുള്ളിൽ പ്രവേശിക്കുന്ന നടപടികളും ആരംഭിക്കും. വലിയൊരു ഓഡിറ്റോറിയം നിർമാണം പൂർത്തിയായി വരുന്നു. കൂടാതെ, രാത്രികാല കായിക വിനോദങ്ങൾ ആരംഭിക്കും.